ന്യൂഡല്‍ഹി: ബംഗാളില്‍ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനമെറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് ഡോ. കാഫില്‍ ഖാന്‍. ഞാനും നിങ്ങളെ പോലെ ഒരു ഡോക്ടറാണ്, എന്നെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നില്ലെന്ന് കഫീല്‍ ഖാന്‍ ചോദിച്ചു.
ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ബംഗാളില്‍ 700 ഓളെ ഡോക്ടര്‍മാര്‍ പ്രതിഷേധകമായി രാജി വച്ചു. കൂടാതെ തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഡോ. കാഫില്‍ ഖാന്‍ രംഗത്ത് വന്നത്.
പല ഡോക്ടര്‍മാരും ഇന്ന് എന്നോട് സമരത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ കഴിഞ്ഞ രണ്ട് വര്‍ഷം സമരത്തിലേയ്ക്ക് എടുത്തിട്ടു എന്നാണ് പറഞ്ഞത്.
ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകളുണ്ടായിട്ടും തനിക്ക് തരാനുള്ള വേതനം തരുകയോ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വേണ്ടിയും ഒരു പ്രസ്താവനയിറക്കൂ, ഞാനും നിങ്ങളുടെ തൊഴില്‍ ചെയ്യുന്നവനാണ്, എനിക്കും ഒരു കുടുംബമുണ്ട്- ഡോ. കാഫില്‍ ഖാന്‍ പറഞ്ഞു. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാഷ്ട്രീയവത്കരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ശ്രമിക്കുന്നതെന്നും കഫീല് ഖാന്‍ ആരോപിച്ചു.