മുംബൈ: സിസിടിവി ക്യാമറയുടെ സഹായത്തോടെ ഒഴിവായത് വന്‍ ദുരന്തം. മുംബൈ-പൂനെ പാതയില്‍ വ്യാഴാഴ്ച രാത്രി ട്രാക്കില്‍ പതിച്ച വലിയ പാറക്കഷണത്തില്‍ തീവണ്ടിതട്ടി ഉണ്ടാകാമായിരുന്ന വലിയ അപകടമാണ് സിസിടിവി ക്യാമറ കാരണം ഒഴിവാക്കാന്‍ സാധിച്ചത്.
2.3 മീറ്റര്‍ നീളവും 1.6 മീറ്റര്‍ ഉയരവും 2.2 മീറ്റര്‍ വ്യാപ്തിയുമുള്ള പാറയാണ് ട്രാക്കിലേക്ക് വീണത്. ലോനാവാലയ്ക്ക് സമീപം 8.15 ഓടെയാണ് സംഭവം. മുംബൈ-കോലാപുര്‍ സഹ്യാദ്രി എക്സ്പ്രസ് കടന്നു പോകാനിരിക്കെയാണ് പാതയില്‍ പാറ വീണത്.
സിസിടിവി നിരീക്ഷിച്ചു കൊണ്ടിരുന്ന ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ആ പാതയിലെ എല്ലാ സര്‍വീസുകളും നിര്‍ത്തി വെച്ചു. ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. സഹ്യാദ്രി എക്സ്പ്രസ് തകുര്‍വാടി സ്റ്റേഷനിലേക്ക് തിരികെയെത്തിച്ചു. തുടര്‍ന്ന് പാതയിലെ തടസം നീക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.