ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി വീണ്ടും മസ്തിഷ്‌ക ജ്വരം ബാധിച്ച് ശിശു മരണങ്ങള്‍. ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ മരണസംഖ്യ ഉയരുന്നതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ മുസഫര്‍പുര്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. മരണസംഖ്യ 69 ആയിട്ടും രോഗ വ്യാപ്തി തടയാനാകാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധാവസ്ഥയിലാകുകയായിരുന്നു.
സാമ്പത്തികമായി പരാധീനതകളുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച കുട്ടികളേറേയും. രോഗബാധയോടെ ആശുപത്രിയിലെത്തുന്നവരും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്.