കൊല്‍ക്കത്ത; നീല്‍ രത്തന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് അക്രമിക്കപ്പെട്ട ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശിക്കും. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് സമവായം കണ്ടെത്താല്‍ മമതാ ബാനര്‍ജി ഒരുങ്ങുന്നത്. അക്രമിക്കപ്പെട്ട ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറെ ഇന്ന് മമതാ ബാനര്‍ജി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറായ പരിബഹ മുക്തോപാണ്ഡ്യയാണ് ആക്രമിക്കപ്പെട്ടത്. രോഗി മരിച്ചതുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളാണ് ഡോക്ടറെ മര്‍ദിച്ചത്. അക്രമണത്തില്‍ ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പിറ്റേ ദിവസം പ്രതിഷേധിക്കുകയും പണിമുടക്കി സമരം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. നാല് മരിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയില്ലെങ്കില്‍ ഹോസ്റ്റല്‍ റൂമില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. ഇതാണ് സമരം കൂടുതല്‍ രൂക്ഷമാക്കിയത്.
മമതാ ബാനര്‍ജിയുടെ പ്രതികരണത്തിന് പിന്നാലെ മമതാ ബാനര്‍ജി മാപ്പ് പറയണമെന്നും, ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.
തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി ഡോക്ടര്‍മാര്‍ പണിമുടക്കുകയും 300 ഓളെ ഡോക്ടര്‍മാര്‍ പ്രതിഷേധകമായി രാജി വയ്ക്കുകയും ചെയ്തു.
പിന്നാലെ കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വരുന്ന തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിക്കുകയും ചെയ്തു.
വിഷയം രാജ്യവ്യാപകമായി ഏറ്റ് എടുത്തതോടെയാണ് വിഷയത്തില്‍ സമവായം കാണാന്‍ മമതാ ബാനര്‍ജി ഒരുങ്ങുന്നത്. വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയോട് മമതാ ബാനര്‍ജി അറിയിച്ചിട്ടുണ്ടെങ്കിലും, മമതാ ബാനര്‍ജി മാപ്പ് പറഞ്ഞതിന് ശേഷം മതി ചര്‍ച്ചകള്‍ എന്നാണ് സംഘടനയുടെ നിലപാട്.
അതെസമയം , ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് നിരവധി പേരാണ് ബംഗാളില്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ചേര്‍ത്ത് പിടിച്ചു കരയുന്ന ഒരു അച്ഛന്റെ ചിത്രം ബംഗാളിലെ ആരോഗ്യമേഖലാ സ്തംഭനത്തിന്റെ നേര് ചിത്രമായിരുന്നു.
Discussion about this post