കൊല്‍ക്കത്ത: മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ക്ഷണം നിരസിച്ച് ഡോക്ടര്‍മാര്‍. ആദ്യം മമത ബാനര്‍ജി മാപ്പ് പറയണമെന്നും അതിന് ശേഷം ചര്‍ച്ചയെ കുറിച്ച് ആലോചിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മമത നിരുപാധികം മാപ്പ് പറയണമെന്നും തങ്ങളുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തേക്ക് കടന്നതോടെയാണ് മമത സെക്രട്ടറിയേറ്റിലേക്ക് ഡോക്ടര്‍മാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചത്.
വ്യാഴാഴ്ചയായിരുന്ന മമത ബാനര്‍ജി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുടെ സമരം ബിജെപി സ്പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മമതയുടെ പ്രസ്താവന.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാല് ദിവസം പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണയുമായി ഡല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലേയും പട്‌നയിലേയും റായ്പൂരിലേയും രാജസ്ഥാനിലെയേും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നത്.
രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു.
Discussion about this post