ഭോപ്പാല്‍: മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുണ ജില്ലയില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ
ചത്തതോടെയാണ് നിപ്പാ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തത്തൊടുങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.
ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോററട്ടിയിലേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാനുണ്ടായ കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
പ്രാദേശികമായി നിപ്പാ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറും ഗുണയിലെ ഹെല്‍ത്ത് ഓഫീസറുമായ ഡോ.പിഎസ് ബങ്കര്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിലെ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് കാമ്പസിലാണ് വവ്വാലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്. മരങ്ങളില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ താഴെ വീഴുകയായിരുന്നെന്നും നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ചില മൃഗങ്ങളും ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ചത്ത മൃഗങ്ങളെ കണ്ടെത്തിയ ശേഷം മുനിസിപ്പാലിറ്റിയെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നെന്നും എന്‍എഫ്എല്‍ കാമ്പസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.