ന്യൂഡല്‍ഹി: വിനാശകാരിയായ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്നതായ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 17, 18 തീയതികളില്‍ ദിശ മാറി ഗുജറാത്തിലെ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് യാതൊരു വിധത്തിലുള്ള നാശ നഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നാണ് നിഗമനം. തുടര്‍ന്ന് മണിക്കൂറില്‍ 50-60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ പോര്‍ബന്ദര്‍, ദ്വാരക ജില്ലകളില്‍ വീശും. പിന്നീട് വേഗത കുറഞ്ഞ് 30-40 കി മീ വേഗതയില്‍ സോമനാഥ്, ജുനാഗഢ് എന്നിവിടങ്ങളിലും വീശും.
അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് മാറുമെന്നും ക്രമേണ കാറ്റിന്റ വേഗത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.