ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് അഭിമാനമായി ഇന്ത്യന്‍ സൈനികര്‍. വീരമൃത്യുവരിച്ച വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോ അംഗമായിരുന്ന ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹമാണ് സൈന്യം നടത്തിയത്.
വിവാഹദിനത്തില്‍ ജ്യോതിയുടെ സ്ഥാനത്ത് നിന്ന് സഹോദരിയെ മണ്ഡപത്തിലേക്ക് ആനയിച്ചത് സൈനികരാണ്. വധുവിന്റെ കാല്പാദങ്ങള്‍ നിലത്തുപതിയാതെ മുട്ടുകുത്തിയിരുന്ന് ഓരോ ചുവടും അവര്‍ കൈകളില്‍ ഏറ്റുവാങ്ങുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നാലു സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ജ്യോതിപ്രകാശ്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. സഹോദരിയുടെ വിവാഹം നടത്താന്‍ ബുദ്ധിമുട്ടിയ കുടുംബത്തെ വിവാഹം നടത്താന്‍ സഹായിച്ചത് സൈന്യമാണ്. ഓരോ സൈനികനും 500 രൂപ വീതം പിരിവിട്ട് അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് കൈമാറി.
2018 റിപ്പബ്ലിക് ദിനത്തില്‍ മരണാനന്തര ബഹുമതിയായി അശോക ചക്ര നല്‍കി രാജ്യം ജ്യോതി പ്രകാശിനെ ആദരിച്ചിരുന്നു. 2017 നവംബര്‍ 18നു ബന്ദിപ്പോറയില്‍ ആറംഗ ഭീകരസംഘത്തെ നേരിടവെയാണ് നിരാലയ്ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിട്ടും ഭീകരരെ ആറുപേരെയും വെടിവച്ചുവീഴ്ത്തിയശേഷമാണ് നിരാല മരണത്തിനു കീഴടങ്ങിയത്.