കൊല്‍ക്കത്ത; ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ബംഗാളിലെ ആരോഗ്യമേഖല സ്തംഭനാവസ്ഥയില്‍. ആശുപത്രിയില്‍ കഴിയുന്ന നിരവധി രോഗികള്‍ മറ്റ് ഡോക്ടര്‍മാരുള്ള ആശുപത്രികളിലേക്ക് പോവുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികളും ഈ കൂട്ടത്തില്‍ പെടും.
അതിനിടെ കണ്ണ് നനയിപ്പിക്കുന്ന ഒരു രംഗമാണ് ബംഗാളില്‍ നിന്ന് വരുന്നത്. ചികിത്സ കിട്ടാതെ മരിച്ച തന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരയുന്ന അച്ഛന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഡോക്ടര്‍മാരുടെ സമരം മൂലം നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നത്.
ചികിത്സ കിട്ടാതെ മരിച്ച തന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരയുന്ന അച്ഛന്റെ ചിത്രം ബംഗാളി പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ദമയന്തി ദത്തയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരെ രക്ഷിക്കൂ, ബംഗാളിനെ രക്ഷിക്കൂ, ചികിത്സ കിട്ടാതെ ഒരു അച്ഛന് തന്റെ കുട്ടിയെ നഷ്ടപ്പെട്ടിരിക്കുന്നു- ദയമന്തി ട്വീറ്റ് ചെയ്തു.
Between #Savethedoctors and #SaveBengal, here is a father who lost his newborn because doctors wouldn’t treat the baby. Today's @MyAnandaBazar pix. pic.twitter.com/xyGsZi92GS
— Damayanti Datta (@DattaDamayanti) June 14, 2019
കൊല്‍ക്കത്തയിലെ നീല്‍ രത്തന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശീലനത്തിനെത്തിയ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച പരിശീലനത്തിനെത്തിയ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നു. പ്രതിഷേധമറിയിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയുടെ പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുചേര്‍ന്നു. കൂടാതെ ആശുപത്രിയുടെ ഗേറ്റ് പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ സമരം നടത്തുന്ന ഡോക്ടര്‍മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്തത്. സമരം നടത്തുന്ന ഡോക്ടര്‍മാരോട് നാല് മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്ക് കയറണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്നുമായിരുന്നു മമത പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ കൂട്ടമായി രാജി വയ്ക്കുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശം പിന്‍വലിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത മാപ്പുപറയണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.