വ്യോമസേനാ വിമാനാപകടം: ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു

വിമാനം തകര്‍ന്നുവീണ സ്ഥലത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്

ന്യൂഡല്‍ഹി; അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനാ ചരക്കു വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യന്‍ വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു. കോക്പിറ്റില്‍ നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായും വ്യോമസേന അറിയിച്ചു. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമുള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം തകര്‍ന്നുവീണ സ്ഥലത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയുമാണ് മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നതെന്ന് വ്യോമസേന വ്യക്തമാക്കി. വ്യോമ, കരസേനകളുടെ സംയുക്ത സംഘമാണ് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറി അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി എന്‍കെ ഷെറിന്‍, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, തൃശ്ശൂര്‍ സ്വദേശി വിനോദ് എന്നിരാണ് മരിച്ച മലയാളികള്‍.

Exit mobile version