ബംഗളൂരു: സാധാരണക്കാരായ നിക്ഷേപകരെ പറ്റിച്ച് 1500 കോടിയോളം രൂപ തട്ടിയെടുത്ത് ബംഗളൂരുവിലെ ജ്വല്ലറി ഉടമ രാജ്യത്തു നിന്നും കടന്നുകളഞ്ഞതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 23,000ലധികം നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്താണ് ‘ഐ മോണിറ്ററി അഡൈ്വസറി'(ഐഎംഎ) എന്ന സ്ഥാപനത്തിന്റെ ഉടമ മന്‍സൂര്‍ ഖാന് രാജ്യത്തുനിന്നും കടന്നത്. ബംഗളൂരു ആസ്ഥാനമായി നിക്ഷേപം സ്വീകരിച്ചു വന്ന ഇയാള്‍ക്കെതിരെ ഇതിനകം 23,000- ത്തിലധികം പേരാണ് പരാതികളുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ഇയാള്‍ രാജ്യത്തു നിന്നും കടന്നതിനുശേഷമാണ് ഇയാള്‍ക്കെതിരായ ആദ്യപരാതി പോലീസിനു ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇയാള്‍ കടന്നുകളയുന്നത് തടയാന്‍ പോലീസിന് സാധിച്ചില്ല. ജൂണ്‍ ഒമ്പതിന് മുഹമ്മദ് ഖാലിദ് അഹമ്മദ് എന്നയാളാണ് ആദ്യമായി പോലീസില്‍ പരാതി നല്‍കിയത്. 4.8 കോടി രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. ബംഗളൂരു പോലീസ് മന്‍സൂര്‍ ഖാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കമ്പനിയുടെ ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്യുകയും ഡല്‍ഹിയിലെ വസതിയില്‍ നിന്നും മന്‍സൂര്‍ ഖാന്റെ പേരിലുള്ള റേഞ്ച് റോവര്‍, ജാഗ്വര്‍ എന്നീ കാറുകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഖാന് ദുബായിയിലേക്ക് കടന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബത്തെ ഇയാള്‍ നേരത്തെ തന്നെ ദുബായിയിലേക്ക് അയച്ചിരുന്നു.
അതിനിടെ മകളുടെ വിവാഹത്തിനായി ഐഎംഎ ഗ്രൂപ്പില്‍ എട്ടു ലക്ഷം രൂപ നിക്ഷേപിച്ച അബ്ദുല്‍ പാഷ എന്ന വ്യക്തി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചതും ദുഃഖവാര്‍ത്തയായി.
Discussion about this post