ചെന്നൈ: തിരുനെല്‍വേലിയിലെ ഡിവൈഎഫ്ഐ ജില്ലാ ട്രഷററായ അശോകിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. ഇന്നലെയാണ് ജാതിഭ്രാന്തന്മാരുടെ ക്രൂരതയില്‍ അശോക് കൊല്ലപ്പെട്ടത്. വഴിനടക്കാന്‍ അനുവദിക്കാത്തതിരുന്നതിനെ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്തെത്തി. ജൂണ്‍ 15ന് ദേശീയ തലത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി അശോക് ജോലി കഴിഞ്ഞ് വരുമ്പോഴാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അരുംകൊല ചെയ്തത്. വെട്ടിയും കുത്തിയും കല്ലു കൊണ്ട് അടിച്ചുമാണ് അശോകിനെ അവര്‍ കൊലപ്പെടുത്തിയത്. അങ്ങേയറ്റം ക്രൂരതയാണ് അക്രമികള്‍ യുവ നേതാവിനോട് കാണിച്ചത്. മരണം ഉറപ്പാക്കിയ ശേഷം അശോകിനെ റെയില്‍ ട്രാക്കില്‍ കൊണ്ട് തള്ളുകയായിരുന്നു. അശോക് ദളിത് സമുദായാംഗമാണ്. അശോകും സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടാനിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്.
സവര്‍ണ്ണ സമുദായമായ മരവാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിനടുത്ത് തന്നെയാണ് ദളിത് സമുദായക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്ന വഴി. ജോലിക്ക് പോവുന്ന ദളിത് തൊഴിലാളികളെയും സ്ത്രീകളെയും സവര്‍ണര്‍ പലപ്പോഴും ആക്രമിക്കാറുണ്ട്. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങള്‍ എതിര്‍പ്പുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അശോകിന്റെ അമ്മയെയും ജാതിഭ്രാന്തന്മാര് തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അശോക് രംഗത്തെത്തിയത്. തുടര്‍ന്ന് യുവ നേതാവായ അശോകിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
അശോകിന്റെ മരണത്തോടെ രാജ്യത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്ന ജാതിവെറിയുടെ രൂക്ഷതയാണ് വെളിവാകുന്നത്. ഡിവൈഎഫ്ഐയുടെ നേതാവ് എന്ന നിലയില്‍ അയിത്ത നിര്‍മാര്‍ജന മുന്നണിയുടെ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ചങ്കുറപ്പുള്ള നേതാവ് കൂടിയായിരുന്നു. ഇതും സവര്‍ണ്ണരെ ചൊടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാനാഭാഗങ്ങളില്‍ നിന്നാണ് ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പുന്നത്.
Discussion about this post