പ്രണയത്തിന്റെ പേരില്‍ സുഹൃത്തിനെ സഹോദരന്‍ കൊലപ്പെടുത്തി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കന്യാകുമാരി പെരുമാള്‍പുരം സ്വദേശിനിയായ അനുഷിയ(27)യാണ് മരിച്ചത്.

നാഗര്‍കോവില്‍: തന്റെ ആണ്‍ സുഹൃത്തിനെ സഹോദരന്‍ കൊലപ്പെടുത്തിയതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി പെരുമാള്‍പുരം സ്വദേശിനിയായ അനുഷിയ(27)യാണ് മരിച്ചത്.

വള്ളിയൂര്‍ സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ റെസിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കേദീശ്വരന്റെ സഹോദരിയാണ് അനുഷിയ. തന്റെ സഹോദരി അനുഷിയയുമായി റെസിക്കുണ്ടായ അടുപ്പമാണ് കേദീശ്വരനെ പ്രകോപിപ്പിച്ചത്. ഈ പ്രണയബന്ധത്തെ എതിര്‍ത്ത കേദീശ്വരന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ റെസിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

കഴിഞ്ഞ ആറാംതീയതി നാഗര്‍കോവിലിനു സമീപം കരിയമാണിക്യപുരത്തുള്ള ശ്മശാനത്തിലാണ് പകുതി കത്തിയനിലയില്‍ വള്ളിയൂര്‍ സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ റെസിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ, സുഹൃത്തുക്കളായ കന്യാകുമാരി പെരുമാള്‍പുരം അഭയാര്‍ഥി ക്യാംപിലെ കേദീശ്വരന്‍, ശുചീന്ദ്രം സ്വദേശികളായ ഫൈസല്‍, പഴനി എന്നിവരാണു റെസിയുടെ കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് അനുഷിയ വീട്ടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Exit mobile version