ഭോപ്പാല്‍: ബിജെപി എംഎല്‍എയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചതായി പരാതി. ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം. ദേശീയഗാനം ആലപിക്കുന്നത് ഇടയ്ക്ക് വെച്ച് നിര്‍ത്തി വന്ദേമാതരം പാടിയതാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബിജെപി എംഎല്‍എയും കോര്‍പ്പറേഷന്‍ മേയറുമായ മാലിനി ഗൗഡിന്റെ അധ്യക്ഷതയിലുള്ള യോഗത്തിനിടെയാണ് ദേശീയഗാനത്തെ അനാദരിക്കുന്ന നടപടിയുണ്ടായത്. യോഗം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ അംഗങ്ങള്‍ അത് നിര്‍ത്തി വന്ദേമാതരം പാടുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദേശീയഗാനത്തെ അപമാനിച്ചതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
ദേശീയഗാന ആലാപനം തടസപ്പെടുത്തുന്നതോ ഇടയ്ക്ക് വെച്ച് നിര്‍ത്തുന്നതോ മൂന്ന് വര്‍ഷം
വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഒരബദ്ധം പറ്റിയതാണെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അജയ് സിങ് നരൂക പറഞ്ഞു.
Discussion about this post