ചെന്നൈ: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ മനംനൊന്ത് യുവതിയും പ്രതിശ്രുത വരനും ആത്മഹത്യചെയ്തു. കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ രാധിക(22), പ്രതിശ്രുതവരന് വിഘ്നേഷ്(22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ പ്രേംകുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വിഘ്നേഷിനോടുള്ള വൈരാഗ്യമാണ് പ്രേകുമാറിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രേംകുമാറിനെതിരെ വിഘ്നേഷ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി വിഘ്നേഷ് ഭാവി വധു രാധികയുടെ കൃത്രിമ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
ബിസിഎ വിദ്യാര്‍ത്ഥിനിയായ രാധികയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് എടുത്താണ് പ്രേംകുമാര്‍ മോര്‍ഫ് ചെയ്തത്. ചിത്രം പ്രചരിച്ചതോടെ രാധിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതില്‍ മനംനൊന്ത് വിഘ്നേഷും ജീവനൊടുക്കി. മരിച്ച രണ്ട് പേരും പിന്നോക്ക ജാതിക്കാരും, പ്രതി മുന്നോക്കക്കാരനുമാണ്. അതിനാല്‍ ജാതിസ്പര്‍ധയ്ക്ക് സാധ്യതയുള്ളതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കി.
Discussion about this post