വ്യോമസേനാ വിമാനപകടം: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി, കൊല്ലപ്പെട്ടവരില്‍ മൂന്ന് മലയാളികളും; ബ്ലാക്ക് ബോക്സും കണ്ടെത്തി

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എഎന്‍ 32 ചരക്കുവിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരാണ് എഎന്‍ 32 വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. മൃതദേഹങ്ങള്‍ ഹെലികോപ്ടര്‍ മാര്‍ഗം കൊണ്ടുവരും.

വ്യോമസേനാ വിങ് കമാന്‍ഡര്‍ ജിഎം ചാള്‍സ്, സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച് വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനന്റുമാരായ ആര്‍ ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എംകെ ഗാര്‍ഗ്, വാറന്റ് ഓഫീസര്‍ കെകെ മിശ്ര, സര്‍ജെന്റ് അനൂപ് കുമാര്‍, കോര്‍പറല്‍ ഷെറിന്‍, എല്‍ എ സിമാരായ എസ്‌കെ സിങ്, പങ്കജ്, എന്‍സി (ഇ)മാരായ പുതാലി, രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്. അനൂപ് കുമാര്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഷെറിന്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമാണ്. ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മേചുക വ്യോമത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Exit mobile version