അഹമ്മദാബാദ്: ‘വായു’ ചുഴലിക്കാറ്റ് അതിതീവ്രരൂപത്തിലേക്ക് മാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. പോര്‍ബന്ദറിനും മഹുവയ്ക്കുമിടയില്‍ വെരാവല്‍ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടാനാണ് സാധ്യത. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. ഏകദേശം 3 ലക്ഷം പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തു. എഴുപതോളം ട്രെയിനുകള്‍ റദ്ദാക്കി. ഒപ്പം, അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് നടത്താനുള്ള ട്രെയിനുകളെ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.
എല്ലാവരോടും സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കണമെന്നും കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വായു ചുഴലിക്കാറ്റില്‍ ആദ്യത്തെ മരണം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ അതിശക്തമായി വീശിയ കാറ്റില്‍ ഹോര്‍ഡിങ് തകര്‍ന്ന് വീണ് 62കാരനായ കാല്‍നട യാത്രികനാണ് മരിച്ചത്.
Discussion about this post