ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഇട്ട മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ലക്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുദിച്ചത്.
ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. കൂടാതെ ജാമ്യത്തുകയായി നാല്‍പതിനായിരം രൂപ കെട്ടിവയ്ക്കണം. പ്രശാന്തിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നും സുപ്രീംകോടതിയുടെ അവധിക്കാലബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു.
പ്രശാന്തിനെ അറസ്റ്റ് ചെയ്ത നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് ഇന്നലെ വിമര്‍ശിച്ചത്. കേസ് എടുക്കാവുന്ന കുറ്റമാണ് കാനോജിയ ചെയ്തത് എങ്കിലും അറസ്റ്റ് എന്തിന് ആയിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. പ്രശാന്ത് കാനോജിയായയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊലപാതക കേസ് അല്ലെന്നും, 11 ദിവസം റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി തെറ്റാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പറഞ്ഞിരുന്നു.
ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പവിത്രം ആണ്. അതില്‍ വിട്ട് വീഴ്ച ചെയ്യാന്‍ ആകില്ലെന്നും, തെറ്റായി ചിലത് നടക്കുമ്പോള്‍ കൂപ്പ് കൈയോടെ ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് വെറുതെ ഇരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരു യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിനാണ് കനോജിയയെ അറസ്റ്റ് ചെയ്തത്.