പണം കൈക്കലാക്കി, രണ്ട് മാസം പ്രായമായ മകളെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി; തളരാതെ പിടിച്ചു നിന്നു ആ മകള്‍ക്ക് വേണ്ടി, ഇന്ന് ജീവിക്കുന്നതും അവള്‍ക്കായി മാത്രം, കുറിപ്പ്

പണം എല്ലാം കൈവശപ്പെടുത്തിയ ശേഷം രണ്ട് മാസം പ്രായമായ മകളെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയപ്പോഴും അദ്ദേഹം തളര്‍ന്നില്ല.

മുംബൈ: ദിനവും ഓരോ ജീവിതങ്ങളാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ നിറയുന്നത്. സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അവിടെ നിന്ന് അങ്ങോട്ടുള്ള വിജയവുമാണ് ഈ പേജില്‍ നിറയുന്നത്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. സ്വന്തം മകള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരച്ഛന്റെ ജീവിതം.

പണം എല്ലാം കൈവശപ്പെടുത്തിയ ശേഷം രണ്ട് മാസം പ്രായമായ മകളെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയപ്പോഴും അദ്ദേഹം തളര്‍ന്നില്ല. മനസില്‍ മകള്‍ മാത്രമായിരുന്നു. അമ്മയില്ലാത്തതിന്റെ കുറവ് മകളെ ഒട്ടും അറിയിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്ന ഒരു അച്ഛനായി അദ്ദേഹം മാറി. അമ്മ ഉപേക്ഷിച്ചു പോയ ആ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നു ‘നേരെ ചൊവ്വേ’ എടുക്കാന്‍ പോലും ആദ്യമൊന്നും ഈ അച്ഛന് അറിയില്ലായിരുന്നു.

എന്നാല്‍ പതുക്കെ പതുക്കെ അദ്ദേഹം ഒരേസമയം അവള്‍ക്ക് അമ്മയും അച്ഛനുമായി മാറി. എത്ര വിഷമിച്ചിരിക്കുകയാണെങ്കിലും അവള്‍ വന്ന് കലപില സംസാരിക്കുമ്പോള്‍ ആ വിഷമങ്ങളെല്ലാം നിഷ്പ്രയാസം മറക്കുവാന്‍ സാധിക്കുമെന്ന് ഈ അച്ഛന്‍ പറയുന്നു. ഈ ലോകത്തിലെ ഏറ്റവും മികച്ചതെല്ലാം മകള്‍ക്ക് ലഭിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കാരണം അവയെല്ലാം തന്റെ മകള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു. എന്നാല്‍ താന്‍ സ്നേഹിച്ചിരുന്ന സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനേ സാധിച്ചില്ലെന്നും, ഏറെ വേദനിപ്പിച്ചത് മകള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടുവെന്നതായിരുന്നുവെന്നും ഇദ്ദേഹം കുറിക്കുന്നു. ആ വേദനകള്‍ മറക്കുന്നത് ഈ മകളുടെ കളിച്ചിരിയില്‍ ആണെന്ന് അദ്ദേഹം എടുത്ത് പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇവള്‍ എന്റെ കുഞ്ഞുപെണ്ണാണ്. എന്റെ ജീവിതത്തിന്റെ പ്രകാശം. ഞങ്ങളെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം അവളുടെ അമ്മ പോകുമ്പോള്‍ രണ്ടുമാസമായിരുന്നു അവള്‍ക്ക് പ്രായം. എന്റെ മുഴുവന്‍ പണവും അവള്‍ കൊണ്ടുപോയി. ഞാന്‍ ആകെ തകര്‍ന്നുപോയി. ഞാന്‍ സ്നേഹിച്ചിരുന്ന സ്ത്രീ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല. എന്നാല്‍ ഏറെ വേദനിപ്പിച്ചത് എന്റെ മകള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടുവെന്നതായിരുന്നു.

ഞാന്‍ ശപഥം ചെയ്തു, അമ്മയെ നഷ്ടമായതിന്റെ വേദന അനുഭവിക്കാന്‍ അവളെ അനുവദിക്കില്ലെന്ന്. തീരെ ചെറുതായിരുന്നു അവള്‍. ആദ്യമൊന്നും അവളെ എങ്ങനെയാണ് ശരിക്കു പിടിക്കേണ്ടതെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ എന്റെ അമ്മ അവളെ പരിചരിക്കുന്നതിന് എന്നെ സഹായിച്ചു. പറ്റുന്നിടത്തോളം സമയം ഞാന്‍ വീട്ടിലുണ്ടാവുമായിരുന്നു. അവള്‍ കുറച്ച് വളര്‍ന്നപ്പോള്‍ അവളെ ഞാന്‍ എന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി തുടങ്ങി. ഇപ്പോള്‍ അഞ്ചുവര്‍ഷത്തില്‍ അധികമാകുന്നു. അവളുടെ അമ്മ അവളെ കാണാന്‍ ഇക്കാലത്തിനിടെ ഒരുവട്ടം പോലും വന്നിട്ടില്ല. പക്ഷെ അത് സാരമില്ല. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. സുഖത്തിലും ദുഃഖത്തിലും ഞങ്ങള്‍ പരസ്പരം കാത്തുപോന്നു.

എനിക്ക് എന്തിനെയെങ്കിലും കുറിച്ച് എപ്പോഴെങ്കിലും വിഷമം തോന്നിയാല്‍ അവള്‍ എന്റെ നേരെ എന്റെയടുത്തുവരും. എന്നിട്ട് പല പല കാര്യങ്ങളെ കുറിച്ചു സംസാരിക്കും. അപ്പോള്‍ എങ്ങിനെയാണെന്നറിയില്ല എന്റെ വിഷമങ്ങളെല്ലാം മാഞ്ഞുപോകും. ഞാന്‍ മറ്റൊന്നിനും വേണ്ടി ആഗ്രഹിച്ചിട്ടില്ല. അവളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം. ഈ ലോകത്തെ ഏറ്റവും മികച്ച എല്ലാം അവള്‍ക്ക് ലഭിക്കാന്‍ എന്നെക്കൊണ്ടാവുന്ന പോലെ ഞാന്‍ ശ്രമിക്കും. കാരണം അതാണ് അവള്‍ അര്‍ഹിക്കുന്നത്.

Exit mobile version