ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്താന് വ്യോമപാതയിലൂടെ പോകില്ല. പാകിസ്താന് വ്യോമപാത ഒഴിവാക്കി ആയിരിക്കും മോഡിയുടെ സഞ്ചാരമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താന് വ്യോമപാത ഒഴിവാക്കി, ഒമാന്‍, ഇറാന് എന്നീ രാജ്യങ്ങള്‍ വഴിയാകും ബിഷ്കെക്കിലെത്തുക.
ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26ന് പാകിസ്താന് വ്യോമമാര്‍ഗം അടച്ചിരുന്നു. തുടര്‍ന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോഡിക്ക് പറക്കാനായി പാക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച പാകിസ്താന് നരേന്ദ്രമോഡിക്ക് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പീന്നീടാണ് ഈ പാത ഉപയോഗിക്കാതെ, ഇറാന് ഒമാന്‍ വഴി ബിഷ്കെക്കിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തത്.
കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നാളെയും മറ്റന്നാളുമാണ് ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ സമ്മേളനം നടക്കുന്നത്. ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പുറപ്പെടും.
Discussion about this post