ലഖ്നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചെങ്കിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ജ്യോതിരാദിത്യ സിന്ധ്യ വിളിച്ചുചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സീറ്റുകള്‍ വിറ്റെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെകെ ശര്‍മ്മ ആരോപിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവര്‍ത്തന ശൈലിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിമര്‍ശനം വാക്പോരായി മാറിയതോടെ കെകെ ശര്‍മ്മയെ യോഗത്തില്‍നിന്ന് പുറത്താക്കി.
യോഗത്തില്‍ ഗുലാം നബി ആസാദിനെതിരെ നിരവധി പരാതികളുണ്ടെന്ന് താന്‍ സിന്ധ്യയെ അറിയിച്ചുവെന്നാണ് ശര്‍മ്മ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇതിനിടെ, സ്ഥാനാര്‍ത്ഥിയായിരുന്ന ഡോളി ശര്‍മ്മയ്ക്കെതിരെ ഗാസിയാബാദ് കോണ്‍ഗ്രസ് നേതാവ് ഹരേന്ദ്ര കസാന രംഗത്തെത്തിയതും രംഗം വഷളാക്കി. തുടര്‍ന്ന് ഡോളി ശര്‍മ്മയുടെ പിതാവും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര ഭരദ്വാജ് ഹരേന്ദ്രയുമായി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.
വര്‍ഗീയതയും ദുര്‍ബലമായ സംഘടനാസംവിധാനവും പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതുമാണ് ദയനീയ പരാജയത്തിന് കാരണമെന്ന് യോഗം വിലയിരുത്തി. തോല്‍വിയെ കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തും. ജൂണ്‍14ന് വീണ്ടും യോഗം ചേരുമെന്ന് സിന്ധ്യ അറിയിച്ചു..
Discussion about this post