ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്തുവിട്ട ബംഗളൂരുവിലെ ജ്വല്ലറി ഉടമയെ കാണാതായി. ബംഗളൂരു ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാനെയാണ് കാണാതായത്. കോണ്‍ഗ്രസ് എംഎല്‍എ റോഷന് ബെയ്ഗിനെതിരെയാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്ഥലം എംഎല്‍എ റോഷന് ബെയ്ഗിന് 400 കോടി രൂപ കടം നല്‍കിയെന്നും തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ക്ലിപ്പില്‍ ആരോപിക്കുന്നത്. ഓഡിയോ ക്ലിപ്പ് പുറത്തായതോടെ നിക്ഷേപകരെല്ലാം പ്രക്ഷോഭവുമായി ജ്വല്ലറിക്കു മുന്നില്‍ തടിച്ചുകൂടുകയാണ്. ഉടമയ്ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ആത്മഹത്യാ സന്ദേശമടങ്ങുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെയാണ് മന്‍സൂര്‍ ഖാന് പുറത്തുവിട്ടത്. പണം വാങ്ങിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തന്നെ പീഡിപ്പിക്കുകയാണെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. സ്വര്‍ണ്ണ ചിട്ടി നടത്തുന്ന മന്‍സൂറിന്റെ ജ്വല്ലറിയില്‍ മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇയാള്‍ ജീവനൊടുക്കിയെന്ന് അഭ്യൂഹം പരന്നതോടെ പണം നിക്ഷേപിച്ചവര്‍ പരിഭ്രാന്തരായി കൂട്ടത്തോടെ ജ്വല്ലറിക്ക് മുന്നിലേക്ക് പാഞ്ഞെത്തി. പരാതികള്‍ വ്യാപകമായതോടെ മന്‍സൂറിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സിറ്റി പോലീസ് കമ്മീഷണര്‍ നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പോലീസ് പ്രത്യേക കൗണ്ടറും തുറന്നു. നിക്ഷേപകരോട് ആവശ്യമായ രേഖകള്‍ സഹിതം കേസ് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മൂവായിരത്തിലധികം പരാതികളാണ് ലഭിച്ചത്.
വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. മന്‍സൂര്‍ ജീവനൊടുക്കിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, എല്ലാവരേയും തെറ്റിദ്ധരിപ്പിക്കാന്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ഇയാള്‍ രാജ്യം വിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കുടുംബത്തേയും ഇയാള്‍ ഒപ്പം കൂട്ടിയതായി സംശയിക്കുന്നു. ഇയാളുടെ തട്ടിപ്പിനിരയായവരിലേറെയും സാധാരണക്കാരാണ് .
Discussion about this post