ചോദിച്ച പണം കമ്പനി നല്‍കിയില്ല; കമ്പനിക്ക് ബോംബ് വച്ച് യുവ എന്‍ജിനീയര്‍

ചെന്നൈ: ചോദിച്ച പണം കമ്പനി നല്‍കാത്തതിനെ തുടര്‍ന്ന് ഐടി കമ്പനിയില്‍ മിനി ബോംബ് വച്ച് ജോലിക്കാരനായ യുവ എന്‍ജിനീയര്‍. തമിഴ്‌നാട് സിങ്കപ്പെരുമാള്‍ കോവിലിന് സമീപമുള്ള ഐടി പാര്‍ക്കിലാണ്
അതേ സ്ഥാപനത്തിലെ 29-കാരനായ യുവ എന്‍ജിനീയര്‍ ബോംബ് വെച്ചത്.

അത്യാവശ്യമായി 50 ലക്ഷം ആവശ്യം വന്നപ്പോള്‍ യുവാവ് പണം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി മറുപടി നല്‍കിയിരുന്നില്ല. പിന്നാലെ പണം ആവശ്യപ്പെട്ട് ഇയാള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് അജ്ഞാത ഇ മെയില്‍ സന്ദേശം അയച്ചു. പണം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ജീവനക്കാര്‍ ആരും തന്നെ സന്ദേശത്തത്തോട് പ്രതികരിച്ചില്ല.

പിന്നാലെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന മിനി ബോംബ് കമ്പനിക്ക് പുറത്ത് വച്ചത്. ബോംബ് ഒരു ബോളിനുള്ളിലാക്കി കമ്പനിക്ക് പുറത്ത് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ഫോടനം നടത്താന്‍ നോക്കിയെങ്കിലും പൊട്ടിത്തെറിക്കുന്നതിന് പകരം അതില്‍ നിന്നും പുക മാത്രമാണ് ഉയര്‍ന്നത്. അതെസമയം ബോംബ് പൊട്ടിത്തെറിക്കാത്തതിനാല്‍ അപകടം ഒഴുവായി.

സംഭവം ശ്രദ്ധയില്‍പെട്ടതോടെ കമ്പനി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയായ യുവ എന്‍ജിനീയര്‍ പിടിയിലായത്.

Exit mobile version