ഓര്‍മ്മ വെച്ച കാലം മുതല്‍ക്കേ കണ്ട് വന്നത് അമ്മയെ തല്ലുന്ന അച്ഛനെ! ഒരിക്കല്‍ ആ അച്ഛനെ എനിക്ക് തല്ലേണ്ടി വന്നു; ഇത് ഒരു മകളുടെ അനുഭവം, കുറിപ്പ്

അമ്മയെ തല്ലുന്നത് കണ്ട് സഹികെട്ട് പിടിച്ചു മാറ്റാന്‍ ചെന്നപ്പോള്‍ തന്നെയും അയാള്‍ ഉപദ്രവിച്ചുവെന്നും ശേഷമാണ് തിരിച്ചടിച്ചതെന്നും വായു കൂട്ടിച്ചേര്‍ത്തു.

മുംബൈ: കാലം എത്രയേറെ മുമ്പിലേയ്ക്ക് സഞ്ചരിച്ചാലും ലോകത്ത് മാറാത്തതായി ചിലതുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഗാര്‍ഹിക പീഡനം ആണ്. മാറ്റത്തിന്റെ പാതയില്‍ ലോകം മുമ്പോട്ട് കുതിക്കുമ്പോഴും നാണക്കേടായി ഇന്നും ഗാര്‍ഹിക പീഡനം പോലുള്ള ചില കിരാത നടപടികള്‍ ഉണ്ടെന്നത് നിസ്സംശയം പറയാം. അതിന് തെളിവാകുകയാണ് വായു എന്ന യുവതിയുടെ ജീവിത അനുഭവം.

ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ ഇവര്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഓര്‍മ്മ വെച്ച കാലം മുതല്‍ക്കെ നിരന്തരം അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നത് കാണേണ്ടി വന്ന മകളാണ് താനെന്ന് വായു പറയുന്നു. പലപ്പോഴും കണ്ട് നില്‍ക്കാന്‍ അല്ലാതെ പ്രതികരിക്കാന്‍ ഒന്നും സാധിച്ചിട്ടില്ല. പക്ഷേ ഒരിക്കല്‍ ക്ഷമ നശിച്ച് ഇടപെട്ടുവെന്നും, അച്ഛനെ തിരിച്ച് അടിക്കേണ്ടതായി വന്നുവെന്നും വായു വെളിപ്പെടുത്തി.

അമ്മയെ തല്ലുന്നത് കണ്ട് സഹികെട്ട് പിടിച്ചു മാറ്റാന്‍ ചെന്നപ്പോള്‍ തന്നെയും അയാള്‍ ഉപദ്രവിച്ചുവെന്നും ശേഷമാണ് തിരിച്ചടിച്ചതെന്നും വായു കൂട്ടിച്ചേര്‍ത്തു. അന്ന് പിതാവില്‍ നിന്നും ഏറ്റ അടിയില്‍ നടുവിനാണ് പ്രശ്‌നമുണ്ടാക്കിയത്. നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് പിന്നീട് ഒരിക്കലും അതിന് സാധിച്ചിട്ടില്ലെന്നും വായു എഴുതി. നടുവിന് ഇപ്പോഴും പ്രശ്‌നമുണ്ടെന്നും അമ്മയുടെയും എന്റേയും മനസിനേറ്റ മുറിവ് ഇപ്പോഴും മായാതെ തന്നെയുണ്ടെന്ന് വായു തുറന്നടിച്ചു.

പിതാവിനെ തിരിച്ചടിച്ചതിന്റെ അന്ന് തന്നെ അമ്മയെയും കൂട്ടി വീട് വിട്ട് ഇറങ്ങിയെന്നും ഇരുവരും ശേഷം വേര്‍പിരിഞ്ഞുവെന്നും വായു പറയുന്നു. നിരവധി പേര്‍ വായുവിന് പിന്തുണയുമായി വന്നിട്ടുണ്ട്. രണ്ട് പേര്‍ക്കും ഇനി നല്ലൊരു ജീവിതമുണ്ടാകട്ടേ എന്നും കമന്റ് ചെയ്തിട്ടുണ്ട്.

വായു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്ന്;

ഞാന്‍ ഓര്‍മ്മവച്ചപ്പോള്‍ മുതല്‍ കാണുന്നത് എന്റെ അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നതാണ്. ഞങ്ങള്‍ കഴിഞ്ഞിരുന്നത് ഒരു കൂട്ടു കുടുംബത്തിലായിരുന്നു. പക്ഷെ, അവിടെ ആരും അച്ഛന്റെ ഈ സ്വഭാവത്തിനെതിരെ ഒന്നും മിണ്ടിയില്ല. പക്ഷെ, ഞാനെപ്പോഴും അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നതിനെതിരെ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ അച്ഛനൊരിക്കലും എന്നോട് സംസാരിക്കുകയോ എന്റെ മുഖത്ത് നോക്കുകയോ ചെയ്തില്ല. അച്ഛനുമായി എനിക്ക് നല്ലൊരു ബന്ധവും ഉണ്ടായിരുന്നില്ല.

എനിക്കോര്‍മ്മയുണ്ട്, അന്ന് അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷികമായിരുന്നു. ഞാനവര്‍ക്ക് ആശംസകളറിയിക്കാന്‍ ചെന്നു. അച്ഛന്‍ എന്റെ ആശംസ സ്വീകരിച്ചില്ല. അമ്മ അച്ഛനോട് എനിക്ക് വേണ്ടി സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ പിന്തിരിഞ്ഞു നടന്നു. അപ്പോള്‍, കണ്‍കോണിലൂടെ ഞാന്‍ കണ്ടു അച്ഛന്‍ ഒരു ഷൂ എടുത്ത് അമ്മയുടെ മുഖത്തെറിയുന്നത്. ഞാനമ്മയെ രക്ഷിക്കാന്‍ ഓടിച്ചെന്നു. എനിക്ക് ദേഷ്യം കൊണ്ട് നില്‍ക്കാനായില്ല. ഞാന്‍ അച്ഛനെ തല്ലി. ഇനിയൊരു നിമിഷം പോലും അയാളുടെ ഉപദ്രവം സഹിക്കാനെനിക്ക് കഴിയുമായിരുന്നില്ല. പക്ഷെ, അയാളെന്നെ തിരിച്ചു തല്ലി. ആദ്യമായിട്ടായിരുന്നു അച്ഛന്‍ എന്നെ തല്ലുന്നത്. ഞാനും അമ്മയും അവിടെനിന്നും ഇറങ്ങി വരാന്‍ ആഗ്രഹിച്ചു. പക്ഷേ, കഴിയാന്‍ നമുക്ക് പണമില്ലായിരുന്നു. അതിനാല്‍, വീണ്ടും വര്‍ഷങ്ങള്‍ ആ പീഡനം സഹിച്ച് നമുക്ക് അവിടെത്തന്നെ കഴിയേണ്ടി വന്നു.

ഞാന്‍ കോളേജില്‍ ചേര്‍ന്നു കഴിഞ്ഞതിന് ശേഷമാണ് കാര്യങ്ങള്‍ ഒരല്‍പം മാറിത്തുടങ്ങിയത്. കോളേജ് എനിക്കിഷ്ടമുള്ള സ്ഥലമായി. ഡാന്‍സിനോടുള്ള എന്റെ ഇഷ്ടം ഞാന്‍ തിരിച്ചറിയുന്നത് ആ സമയത്താണ്. എല്ലാ സങ്കടങ്ങളും മറക്കാനുള്ള വഴിയായി ഞാനതിനെ കണ്ടു. പക്ഷേ, ആ സന്തോഷമെല്ലാം കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. ഒരു ദിവസം കോളേജ് വിട്ടു വരുമ്പോള്‍ ഞാന്‍ കാണുന്നത് എന്റെ അമ്മയുടെ മുഖമാകെ ചതഞ്ഞിരിക്കുന്നതാണ്. അച്ഛന്‍ പിന്നെയും പിന്നെയും അമ്മയെ ഉപദ്രവിക്കുകയായിരുന്നു. ഞാനവരുടെ നടുവില്‍ കയറിനിന്നു. അപ്പോള്‍ അയാള്‍ എന്നേയും ഉപദ്രവിച്ചു. തള്ളി നിലത്തിട്ടു.

അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. അതെന്റെ കഴുത്തിനും നടുവിനും തകരാറുണ്ടാക്കി. ബോധം കെട്ടു വീണു പോയ എന്നെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു, ഇനി എനിക്കൊരിക്കലും ഡാന്‍സ് ചെയ്യാന്‍ കഴിയുകയുണ്ടാവില്ല എന്ന്. ഞാന്‍ തകര്‍ന്നുപോയി. എന്റേതല്ലാത്ത ഒരു കാര്യത്തിന് വലിയ വിലയാണ് എനിക്ക് കൊടുക്കേണ്ടി വന്നത്.

പക്ഷേ, എനിക്കറിയാമായിരുന്നു, ഞാനെന്തെങ്കിലും ചെയ്‌തേ തീരൂവെന്ന്. അമ്മയ്ക്കും എനിക്കും ഭയമില്ലാതെ ജീവിക്കണമെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങിയേ തീരൂവായിരുന്നു. അങ്ങനെ, ഒരുഅഭ്യുദയാകാംക്ഷിയുടെ ചെന്നൈയിലുള്ള വീട്ടിലേക്ക് ഞങ്ങള്‍ താമസം മാറി. അതൊട്ടും എളുപ്പമായിരുന്നില്ല. എന്റെ ലോകമെല്ലാം പിറകിലുപേക്ഷിച്ച് മുന്നോട്ട് പോയേ തീരൂവായിരുന്നു. അതിനായി ഞാനൊരു ജോലി നേടി.

പയ്യെ, അമ്മ ഒരു ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭാഗത്ത് നിന്ന് ചെറിയ ചില സഹായങ്ങളുണ്ടായിരുന്നു. എന്റെ കൈയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം വച്ച് അമ്മയുമായി ഞാന്‍ മുംബൈയിലെ ഒരു വാടക അപാര്‍ട്‌മെന്റിലേക്ക് മാറി. അന്ന് മുതലാണ് അയാളുടെ പിടിയില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ടത്. അവസാനം അമ്മയ്ക്ക് വിവാഹമോചനം കിട്ടി. എനിക്കൊരു ഉറപ്പുള്ള ജോലിയും. അങ്ങനെ ഞങ്ങള്‍ പുതിയൊരു ജീവിതം തുടങ്ങി.

പക്ഷേ, ഇന്നും ഞങ്ങള്‍ പണ്ട് അനുഭവിച്ചതിന്റെ വേദനകളിലൂടെ കടന്നുപോകുന്നുണ്ട്. എന്റെ നടുവിന്റെ അവസ്ഥ ഇപ്പോഴും മോശമാണ്. അമ്മയുടെ മുഖത്തെ പാടുകള്‍ മാഞ്ഞുവെങ്കിലും മനസിലെ മുറിവുകളുണങ്ങിയിട്ടില്ല. പക്ഷേ, ഞാന്‍ പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. ആരും കൂടെ നിന്നില്ലെങ്കില്‍ പോലും നമുക്കെന്താണോ ശരി അത് ചെയ്യാന്‍ നമുക്ക് കഴിയും. ഞങ്ങളും ലോകവും തമ്മിലുള്ള പോരില്‍, ജയം ഞങ്ങളുടെ പക്ഷത്തായിരുന്നു. അടുത്തകാലത്തൊന്നും അതിനി മറിച്ചാവാനും പോവുന്നില്ല.

Exit mobile version