പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍. മുഴുവന്‍ പ്രതികളേയും തൂക്കിലേറ്റുമ്പോള്‍ മാത്രമേ തന്റെ മകള്‍ക്ക് നീതി ലഭിക്കുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചു.
വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവര്‍ തന്റെ മകളോട് ചെയ്ത കണ്ണില്ലാത്ത ക്രൂരതയ്ക്ക് പ്രതികള്‍ക്ക് മരണശിക്ഷ വിധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പിതാവ് അക്തര്‍ പറഞ്ഞു. കേസില്‍ പ്രധാന കുറ്റവാളിയെ വെറുതെവിട്ട കോടതി വിധി അതിശയിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരാളെ വെറുതെ വിട്ട നടപടിയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.
എന്റെ മകള്‍ക്ക് നീതി ലഭിക്കണം. എല്ലാ പ്രതികളും തൂക്കിലേറ്റപ്പെടുമ്പോള്‍ മാത്രമേ ആ നീതി ലഭ്യമാകൂവെന്നും പെണ്‍കുട്ടിയുടെ അമ്മയും കൂട്ടിച്ചേര്‍ത്തു. കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവുമായിരുന്നു പത്താന്‍കോട്ട് സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്.
പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നീ പ്രതികള്‍ക്കാണ് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചത്.
സഞ്ജി റാമിന്റെ മകന് വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.
2018 ജനുവരിയിലായിരുന്നു ജനമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.
Discussion about this post