മുംബൈ: അനില്‍ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ 35,000 കോടി രൂപയുടെ കടം കഴിഞ്ഞ 14 മാസത്തിനുള്ളില്‍ കൊടുത്ത് തീര്‍ത്തെന്ന് ചെയര്മാന് അനില്‍ അംബാനി. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മെയ് 31 വരെയുള്ള കണക്കനുസരിച്ച് 24,800 കോടി രൂപ മുതലിലേക്കും 10,600 കോടി രൂപ പലിശയിനത്തിലും തിരിച്ചടച്ചു. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുകള്‍ വിറ്റാണ് കടം തീര്‍ത്തത്. വലിയ വെല്ലുവിളിയാണ് 14 മാസത്തിനുള്ളില്‍ മറികടന്നത്. റിലയന്‍സ് ഗ്രൂപ്പിന് വിവിധ കമ്പനികളില്‍നിന്ന് ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോര്‍ഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പലകേസുകളും പത്ത് വര്‍ഷത്തോളമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും അനില്‍ അംബാനി കുറ്റപ്പെടുത്തി.
റിലയന്‍സ് ഗ്രൂപ്പിനെതിരെ നടത്തിയ അനാവശ്യ കുപ്രചരണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. എന്നാല്‍, കമ്പനികള്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post