ബംഗാള്‍; ബംഗാള്‍ നവോത്ഥാന നായകന് വിദ്യാസാഗറിന്റെ പുതിയ പ്രതിമ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനാച്ഛാദനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ വ്യാപകമായി നടന്ന ബിജെപി തൃണമൂല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ സാമൂഹിക പരികര്ത്താവായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അമിത് ഷായുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചത്.
പ്രതിമ അനാച്ഛാദന ചടങ്ങില്‍ തൃണമൂല്‍ നേതാക്കളും, മന്ത്രിമാരും , ആത്മീയ നേതാക്കളും പങ്കെടുത്തു. വിദ്യാസാഗര്‍ കോളെജില്‍ നേരത്തെ പ്രതിമ സ്ഥിതി ചെയ്ത സ്ഥലത്ത് തന്നെയാണ് പുതിയ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.
പ്രതിമ തകര്‍ത്ത സംഭവവുമായി ബംഗാളില്‍ വലിയ പ്രശ്നങ്ങളാണ് അരങ്ങേറിയത്. വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ഒരു ദിവസം മുന്നേ അവസാനിപ്പിക്കേണ്ട അവസ്ഥ വരെ വന്നിരുന്നു.
അതെസമയം, തകര്‍ക്കപ്പെട്ട പ്രതിമയ്ക്ക് പകരം പഞ്ചലോഹത്തിന്റെ പ്രതിമ നിര്‍മ്മിച്ച് നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം നിഷേധിച്ച മമതാ സര്‍ക്കാര്‍ ബംഗാളിന് പ്രതിമ നിര്‍മ്മിക്കാനുള്ള കഴിവുണ്ടെന്നും പ്രതികരിച്ചിരുന്നു.
പുതിയ പ്രതിമ മമതാ സര്‍ക്കാര്‍ അനാച്ഛാദനം ചെയ്തതോട് കൂടി ബംഗാളില്‍ ബിജെപി-തൃണമൂല്‍ പോരിന് ഒരു കാരണം കൂടി ലഭിച്ചിരിക്കുകയാണ്.
Discussion about this post