ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കനത്ത തിരിച്ചടി; യോഗിക്കെതിരെ പോസ്റ്റിട്ട പ്രശാന്ത് കാനോജിയക്ക് ജാമ്യം അനുവദിച്ചു; ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും നിര്‍ദേശം

പ്രശാന്ത് കാനോജിയയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഇട്ട മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് യുപി ഗവണ്‍മെന്റിന് കനത്ത തിരിച്ചടി. പ്രശാന്ത് കാനോജിയക്ക് ജാമ്യം അനുവദിച്ച കോടതി, കാനോജിയെ ഉടന്‍ ജയില്‍ മോചിതന്‍ ആക്കണം എന്നും നിര്‍ദേശിച്ചു.

കേസ് എടുക്കാവുന്ന കുറ്റമാണ് കാനോജിയ ചെയ്തത് എങ്കിലും അറസ്റ്റ് എന്തിന് ആയിരുന്നു എന്ന് സുപ്രീം കോടതി ചോദിച്ചു. പ്രശാന്ത് കാനോജിയായയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊലപാതക കേസ് അല്ലെന്നും, 11 ദിവസം റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ നടപടി തെറ്റാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പറഞ്ഞു.

ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പവിത്രം ആണ്. അതില്‍ വിട്ട് വീഴ്ച ചെയ്യാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെറ്റായി ചിലത് നടക്കുമ്പോള്‍ കൂപ്പ് കൈയോടെ ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് വെറുതെ ഇരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വ്യക്തമാക്കി.

പ്രശാന്ത് കാനോജിയയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരു യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിനാണ് കനോജിയയെ അറസ്റ്റ് ചെയ്തത്.

Exit mobile version