ഇസ്ലാമാബാദ്: ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാകിസ്താന്‍ അനുമതി നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാകിസ്താന്‍ അറിയിച്ചു.
ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
മെയ് 21ന് എസ്‌സിഒ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സുഷമാ സ്വരാജിന്റെ വിമാനത്തിനും പാകിസ്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വാണിജ്യ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മെയ് 31ന് നീക്കിയിരുന്നു.
അതേസമയം, പാകിസ്താന്‍ വ്യോമപരിധിയില്‍ പ്രവേശനം നിരോധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിദേശ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ഇന്‍ഡിഗോയുടെ ഡല്‍ഹി-ഇസ്താംബൂള്‍ സര്‍വീസ് ഇനിയും തുടങ്ങാനായിട്ടില്ല.