അലിഗഢ്: രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢ് സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച ‘മഹാപഞ്ചായത്ത്’ പോലീസ് തടഞ്ഞു.
പെണ്‍കുട്ടി കൊല്ലപ്പെട്ട തപ്പല് പ്രദേശത്ത് നിന്ന് ഒരുവിഭാഗം പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതേസമയം, പ്രദേശത്ത്നിന്ന് പലായനം ചെയ്യുന്നില്ലെന്നും ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കുറച്ച് പേര് ഒഴിഞ്ഞുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പങ്കജ് ശ്രീവാസ്തവയെ സ്ഥലം മാറ്റിയതായും പോലീസ് അധികൃതര്‍ വ്യക്തമാക്കി. തപ്പല് മേഖലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന എന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കൊലപാതകം ചിലര്‍ വര്‍ഗീയ ലഹളയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തെറ്റായ വീഡിയോകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് ഉടന്‍ ശിക്ഷ നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, പ്രതികളെ അറസ്റ്റ് ചെയ്തെന്നും കേസ് പരിഹരിച്ചെന്നും അലിഗഢ് എസ്എസ്പി ആകാശ് കുല്‍ഹരി പറഞ്ഞു. നേരത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍നിന്ന് ബിജെപിയുടെ വിവാദ നേതാവ് സ്വാധി പ്രാചിയെ പോലീസ് തടഞ്ഞു.
മാതാപിതാക്കള്‍ കടംവാങ്ങിയ 10000 രൂപ തിരികെ ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ മകളായ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post