സംഗ്രൂര്‍: പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന് കുഞ്ഞിനെ 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുറത്തെത്തിച്ചു. സംഗ്രൂരിലുള്ള കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍ സിങ്ങിനെയാണ് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനുശേഷം ഇന്നു പുലര്‍ച്ചെ രക്ഷപ്പെടുത്തിയത്. രാവിലെ അഞ്ചരയോടെയാണു കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആരോഗ്യനിലയുടെ കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ജൂണ്‍ ആറിന് ഉച്ചയ്ക്കാണ് ഭഗവന്‍പുരിലെ വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടി 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കു വീണത്. ദേശീയ ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഴല്‍ക്കിണറിനുള്ളിലേക്കു ചെറിയ ക്യാമറ ഇറക്കിവെച്ച് കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. 125 അടിയോളം താഴ്ചയിലാണു കുട്ടി കിടന്നിരുന്നത്. ഒമ്പതുമീറ്റര്‍ വ്യാസം മാത്രമുള്ള കുഴലിനുള്ളില്‍ അനങ്ങാന്‍ കുട്ടിക്കു കഴിയുമായിരുന്നില്ല. സംഭവം നടന്ന് 40 മണിക്കൂറിനുശേഷമാണ് കുട്ടി ചലിക്കുന്നതായി പോലും കണ്ടെത്തിയത്. ഈ സമയങ്ങളില്‍ പൈപ്പുകളില്‍ക്കൂടി ഓക്സിജന്‍ നല്‍കിയിരുന്നു. വഴിയില്‍ക്കിടന്ന ചണസഞ്ചിയില്‍ ചവിട്ടിയാണ് കുട്ടി കിണറിനുള്ളിലേക്കു വീണത്. ഈ സഞ്ചി കുട്ടിയുടെ മുഖത്തേക്കു ചെന്നുവീഴുകയും ചെയ്തിരുന്നു. കിണറിനുള്ളില്‍ നിന്നു പുറത്തെടുത്തപ്പോഴും ഈ സഞ്ചി കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.
നേരത്തേ കയര്‍ ഇട്ടുനല്‍കി രക്ഷപ്പെടുത്താന്‍ സേന ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു. നാലുദിവസമായിട്ടും കുട്ടിയെ രക്ഷപ്പെടുത്താനാവാത്തതില്‍ രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് ഇന്നലെ പ്രതിഷേധിച്ചിരുന്നു.
#WATCH Punjab: Two-year-old Fatehveer Singh, who had fallen into a borewell in Sangrur, rescued after almost 109-hour long rescue operation. He has been taken to a hospital. pic.twitter.com/VH6xSZ4rPV
— ANI (@ANI) June 11, 2019
Discussion about this post