മുംബൈ: വിവാഹത്തിന് മുന്‍പ് മെലിഞ്ഞ് സുന്ദരിയായിരുന്നു നിവേദിത എന്ന യുവതി. എന്നാല്‍ വിവാഹത്തിന് ശേഷം പെട്ടെന്നാണ് ശരീര ഭാരം കൂടിയതും, അമിത വണ്ണം വെച്ചതും. ഇത് ഇവരെ മാനസികമായി തളര്‍ത്തി. വണ്ണം കൂടിയതോടെ കൊളസ്‌ട്രോളും എത്തി. ശരീര ഭാരം കുറയ്ക്കാന്‍ ജിമ്മില്‍ പോകണമെന്നാണ് ആദ്യം ആഗ്രഹിച്ചത്. എന്നാല്‍ അതിന് ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെ നിരാശ ഇരട്ടിയായി.
ഇതിനെല്ലാം പുറമെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും കളിയാക്കല്‍ ആണ് നിവേദിതയെ തളര്‍ത്തിയത്. ഇതോടെ തോറ്റ് കൊടുക്കാതെ പോരാടാന്‍ തന്നെ നിവേദിത തീരുമാനം എടുക്കുകയായിരുന്നു. തുടക്കത്തില്‍ വ്യായാമം ആയിരുന്നു. എന്നാല്‍ വ്യായാമം പെണ്‍കുട്ടികള്‍ക്ക് നല്ലതല്ല എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ അമ്മ തടസ്സം നിന്നു. പക്ഷേ അവിടം കൊണ്ടും നിവേദിത അവസാനിപ്പിച്ചില്ല.
ഹൈപ്പോ തൈറോയ്ഡിസം കൂടി കണ്ടെത്തിയതോടെ ജിമ്മില്‍ പോകാതെ ഭക്ഷണം നിയന്ത്രിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്നതിനെക്കുറിച്ചായി പിന്നീടുള്ള ചിന്ത. സ്വന്തമായി ഒരു ഡയറ്റ് കണ്ടെത്തുകയാണ് അടുത്തതായി ചെയ്തത്. രാവിലെ ഒരു വലിയ ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ഡയറ്റ് ആരംഭിച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ്സ് ചായയും രണ്ടു ബിസ്‌കറ്റും. ബ്രേക്ഫാസ്റ്റ് ഒരു പുഴുങ്ങിയ മുട്ടയോ മുട്ടയും ബ്രഡും മാത്രമോ ആക്കി. ഇടയ്ക്ക് വാള്‍നട്ട്, ബദാം, ഫ്രൂട്ട്‌സ് എന്നിവയിലേതെങ്കിലും കഴിക്കും. ഉച്ചഭക്ഷണത്തിനു ഉപ്പിട്ട തൈര്, ലസ്സി, രണ്ടു ചപ്പാത്തി. ചിലപ്പോള്‍ ഗ്രീന്‍ സബ്‌സി.
വൈകുന്നേരം ചായയും ബിസ്‌കറ്റും. ദാല്‍, ചപ്പാത്തി എന്നിവയായിരുന്നു അത്താഴം. സബ്‌സി, സാലഡ് എന്നിവ കൂടി കഴിക്കും. കൊഴുപ്പു നീക്കിയ പാലാണ് ഉറങ്ങും മുന്‍പ് കുടിക്കുക. ഈ ശീലം തുടര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് പതിനൊന്നു കിലോ കുറഞ്ഞു. കൂടാതെ ദിവസവും 45 മിനിറ്റ് നടക്കും. യോഗ, സ്‌കിപ്പിങ്, ഓട്ടം തുടങ്ങിയവയും ചെയ്തു തുടങ്ങി. ഇതോടെ നിവേദിത വിജയം കൈവരിച്ചു. ജീവിതം ഹാപ്പിയാണെന്ന് നിവേദിത പറയുന്നു.