മുംബൈ: മുംബൈയില്‍ പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ നഗരത്തില്‍ വന്‍ ജനപ്രവാഹം. ഇതോടെ വില്‍പ്പന ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കാന്‍ പോലീസ് ഇടപെട്ടു. കൂടുതല്‍ തിരക്ക് ആയതിനാല്‍ പോലീസ് ഇടപെട്ട് സാരി വില്‍പ്പന നിര്‍ത്തിവയ്ക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.
സാരിക്ക് വേണ്ടി സ്ത്രീകളുടെ ഒരു പട തന്നെ എത്തിയതോടെയാണ് ഒരാഴ്ച നീളുന്ന ഡിസ്‌കൗണ്ട് മേള പോലീസിന് ഇടപെട്ട് നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. ഗജാനന്‍ മാര്‍ക്കറ്റിലെ രംഗ് ക്രിയേഷന്‍ എന്ന കടയിലാണ് 10 രൂപയ്ക്ക് സാരി വില്‍പ്പന നടത്തിയത്. 90 രൂപയ്ക്ക് തനിക്ക് ലഭിക്കാവുന്ന സാരിയാണ് 10 രൂപ മാത്രം വാങ്ങി വില്‍ക്കുന്നത് എന്നാണ് ഉടമ അറിയിച്ചത്.
വമ്പിച്ച ഇളവില്‍ സാരി വില്‍പ്പന ആരംഭിച്ചതിന്റെ നാലാം ദിവസമാണ് പോലീസ് വില്‍പ്പന നിര്‍ത്തി വെച്ചത്. ക്രമസമാധാന നില തകരാറിലാവുന്നത് കണക്കിലെടുത്തായിരുന്നു പോലീസിന്റെ നടപടി. തന്റെ കച്ചവടത്തില്‍ നിന്നും നല്ല ലാഭം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹ്യ സേവനം എന്ന നിലയിലാണ് താന്‍ 10 രൂപയ്ക്ക് സാരി വില്‍ക്കുന്നതെന്നാണ് കടയുടമ അശ്വിന്‍ സാഖറെ പറയുന്നത്.
വരി വരിയായി നില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതോടെ സാരി വാങ്ങാനെത്തിയവരുടെ നീണ്ട നിര റോഡിലേക്കും നീണ്ടു. ഇത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. കൂടാതെ വരിയില്‍ നിന്നവര്‍ തമ്മില്‍ തര്‍ക്കവും ഉന്തും തളളും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു. ആദ്യം അശ്വിനോട് ഓഫര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തി വെച്ചെന്ന് കടയുടമ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോവാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസ് ശനിയാഴ്ച്ച കടയടച്ചു പൂട്ടി.