കൊല്‍ക്കത്ത: ബിജെപി-തൃണമൂല്‍ സംഘര്‍ഷം വീണ്ടും കടുക്കുന്നു. ഇതോടെ സംഘര്‍ഷ ഭൂമിയായി മാറിയിരിക്കുകയാണ് ബംഗാള്‍. ഇന്നലെ പതാക ഊരിമാറ്റി എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമണങ്ങളില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.
കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ വൈകുന്നേരം നടത്തിയ വിലാപ യാത്രയില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിക്കാന്‍ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് പോലീസ് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിന് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളിലുണ്ടായ ഏറ്റവും വലിയ അക്രമ സംഭവമാണിത്.
Discussion about this post