ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പാരജയത്തില്‍ മനംനൊന്ത് ഞാനിപ്പോള്‍ രാജിവെക്കുമെന്നറിയിച്ച രാഹുല്‍ ഗാന്ധി ഏറെ മാറിയിരിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനുള്ള ഊര്ജ്ജവുമായെത്തിയ രാഹുലിന് വയനാട് വലിയ പ്രചോദനമായിട്ടുണ്ട് എന്നുവേണം കരുതാന്‍. ഇനി ഇന്ത്യമുഴുവന്‍ ഒരു പര്യടനം ഭാരത് യാത്ര എന്ന പേരില്‍ നടത്തിയാലോ എന്ന ആലോചനയിലാണ് രാഹുല്‍ ഗാന്ധിയിപ്പോള്‍. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് യാത്ര. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനാണ് രാഹുലിന്റെ തീരുമാനം.
ആന്ധ്രാപ്രദേശില്‍ തകര്‍ന്ന് തരിപ്പണമായിരുന്ന വൈഎസ് ജഗന്മോഹന് റെഡ്ഡി 14 മാസം നീണ്ടുനിന്ന പ്രജാ സങ്കല്പ യാത്ര നടത്തിയിരുന്നു. ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനും അധികാരത്തിലെത്തുന്നതിനും ഇത് ജഗന്മോഹന് റെഡ്ഡിയെ വളരെയധികം സഹായിക്കുകയും ചെയ്തിരുന്നു. 2017ല്‍ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ യാത്ര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് ഭാരത യാത്രയെക്കുറിച്ച് രാഹുല്‍ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭാരതയാത്ര സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാറിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും കാല്‍നടയായുമായിരിക്കും യാത്രകള്‍. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനം ഉണ്ടാവു. നേരത്തെ തന്നെ ഇത്തരമൊരു യാത്ര നടത്തണമെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം യാത്ര കൂടുതല്‍ പ്രസക്തമാക്കിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ കൂട്ട രാജികളും കൂറുമാറ്റങ്ങളും കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിലവിലുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമായിരിക്കും രാഹുലിന്റെ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
Discussion about this post