ന്യൂഡല്‍ഹി: അസ്ഥിയുറയുന്ന തണുപ്പില്‍ കഴിയേണ്ടിവരുന്ന പട്ടാളക്കാരുടെ അവസ്ഥ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? കുടിവെള്ളം പോലും തണുത്തുറയുന്ന സിയാച്ചിനില്‍ ജീവിക്കുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ സൈനികരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഐസ് കട്ടകളെക്കാള്‍ തണുത്തുറങ്ങ് ബലം വെക്കുന്ന അവസ്ഥയിലുള്ള ജ്യൂസും, മുട്ടയും പച്ചക്കറിയുമെല്ലാം ഭക്ഷ്യയോഗ്യമാക്കുകയാണ് ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി. അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് മൂന്ന് സൈനികര്‍ പുറത്ത് വിട്ടത്.
പാക്കറ്റ് പൊട്ടിച്ച് പുറത്തെടുക്കുന്ന ജ്യൂസും, മുട്ടകളും, ഉരുളക്കിഴങ്ങുമെല്ലാം ചുറ്റികകൊണ്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു കുലുക്കവും ഇല്ല. വീഡിയോ കാണുന്നവര്‍ക്ക് അത്ഭുതമാണെങ്കിലും അവര്‍ അനുഭവിക്കുന്ന തണുപ്പിന്റെയും അതിനെ അതിജീവിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയുമെല്ലാം ബുദ്ധിമുട്ടുകളാണ് ആ വീഡിയോയിലൂടെ വ്യക്തമാകുന്നത്. പലപ്പോഴും സിയാച്ചിനില്‍ തണുപ്പ് മൈനസ് 70 ഡിഗ്രിവരെ താഴും.
നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ദുരിത ജീവിതമാണ് സൈനികര്‍ക്ക് സിയാച്ചിനില്‍ നേരിടേണ്ടിവരുന്നത്. ഒരു പരിപ്പുകറിയോ ചോറോ ഉണ്ടാക്കുക എന്നതുപോലും ഇവര്‍ക്ക് വലിയ വെല്ലുവിളിയാണ്. മൈനസ് 30 ഡിഗ്രിയോ 40 ഡിഗ്രിയോ ആണെങ്കില്‍ പോലും അത് ബുദ്ധിമുട്ടേറിയതാണ് അപ്പോള്‍ 60 70 വരെ താഴുമ്പോഴുള്ള അവസ്ഥയോ.
സമുദ്രനിരപ്പില്‍ നിന്നും 20,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സൈനിക ബെയ്സ് ക്യാമ്പാണ് സിയാച്ചിനിലേത്. ലോകത്തിലെതന്നെ ഏറ്റവും തണുത്തുറങ്ങ യുദ്ധമുഖങ്ങളിലൊന്നുമാണ് ഇത്. തണുപ്പിനോടും കാറ്റിനോടും പടവെട്ടിയാണ് ഇവിടെ സൈനികരുടെ ജീവിതം. മഞ്ഞുപാളികളിടിയുന്നതും ഇവിടെ ഇവര്‍ക്ക് വലിയ ഭീഷണിയാണ്.
Discussion about this post