രജനികാന്തിനെ ഒരിക്കലും വിശ്വസിക്കരുത്, തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വത്തിന് താക്കീത് നല്‍കി സുബ്രഹ്മണ്യന്‍ സ്വാമി

രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല.

ചെന്നൈ: രജനികാന്തിനെ ഒരിക്കലും വിശ്വസിക്കരുതെന്ന താക്കീത് തമിഴ്‌നാടിന് നല്‍കി ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ബിജപി നേതൃത്വത്തിനും സൗഹൃദം പുലര്‍ത്തുന്ന സിനിമാതാരമാണ് രജനികാന്ത്. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് രജനികാന്തിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. തമിഴ്‌നാട് ബിജെപി നേതൃത്വത്തിനാണ് സ്വാമിയുടെ നിര്‍ദേശം. നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും പ്രഭാവമുള്ള നേതാവ് മോഡിയാണെന്നും രജനികാന്ത് പറഞ്ഞിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല.

രജനികാന്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഇതുവരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. തമിഴ്നാട്ടിലെ ബിജെപി നേതൃത്വം അദ്ദേഹത്തെ വിശ്വസിച്ചാല്‍ അത് ഭൂലോക മണ്ടത്തരമായിരിക്കും. അങ്ങനെ ചെയ്താല്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കും- സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

Exit mobile version