മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനനം, ഒരേ സ്‌കൂളില്‍ പഠനം, ഇപ്പോള്‍ സൈന്യത്തിലേയ്ക്കും ഒരുമിച്ച്; ഇന്ത്യന്‍ ആര്‍മിയിലേയ്ക്ക് ഈ ഇരട്ട സഹോദരങ്ങള്‍

ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് വ്യത്യസ്ത യൂണിറ്റുകളിലായി നിയമിക്കപ്പെട്ടിരിക്കുകയാണ് ഈ ഇരട്ട സഹോദരങ്ങള്‍.

അമൃത്‌സര്‍: മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ചു, ഒരുമിച്ച് പഠിച്ചു. ഇപ്പോള്‍ ഒരുമിച്ച് തന്നെ സൈന്യത്തിലേയ്ക്ക് ചേര്‍ന്നിരിക്കുകയാണ് അഭിനവ് പതക്കും പരിണവ് പതക്കും. ഒരുമിച്ച് പഠിച്ച ഇവര്‍ എന്‍ജിനീയറിങ് തെരഞ്ഞെടുത്തത് മാത്രം രണ്ട് കോളേജുകളിലായി എന്ന് മാത്രം. എന്നാലും ഇരുവരുടെയും സ്വപ്‌നം ഒന്ന് മാത്രമായിരുന്നു, അത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുക എന്നതായിരുന്നു.

ആ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുകയാണ്. ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് വ്യത്യസ്ത യൂണിറ്റുകളിലായി നിയമിക്കപ്പെട്ടിരിക്കുകയാണ് ഈ ഇരട്ട സഹോദരങ്ങള്‍. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 457 കേഡറ്റുകളുടെ ഒപ്പമാണ് ഇരട്ടസഹോദരങ്ങളും സൈന്യത്തിന്റെ ഭാഗമാകുന്നത്.

അക്കാദമിയിലെ പഠനത്തിനിടെ പലതവണ പരിശീലകര്‍ ഇരുവരുടെയും പേരുകള്‍ തെറ്റി വിളിച്ചിരുന്നതും ഭക്ഷണശാലയിലെ ജീവനക്കാര്‍ ഭക്ഷണം കഴിച്ചിറങ്ങിയ സഹോദരങ്ങളില്‍ ഒരാള്‍ക്ക് തന്നെ വീണ്ടും ഭക്ഷണം വിളമ്പിയതും എല്ലാം ഇവര്‍ പങ്കുവെച്ചു. രസകരമായ നിമിഷങ്ങളായിരുന്നു അതെന്ന് ഇരുവരും പറയുന്നു. സൈന്യത്തിന്റെ പ്രതിരോധ വിഭാഗത്തിലാണ് അഭിനവിനെ നിയമിച്ചിരിക്കുന്നത്. പരിണവ് ഏവിയേഷന്‍ വിഭാഗത്തിലാണ്. ജീവിതത്തില്‍ നേടിയതെല്ലാം ഒന്നിച്ച് നിന്നതിന്റെ ഫലമാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

Exit mobile version