ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന. അസമിലെ ജോഹട്ടില്‍ നിന്ന് അരുണാചലിലെ മേചുകയിലേക്ക് 13 പേരെയും വഹിച്ചുകൊണ്ട് പോയ എഎന്‍ 32 വിമാനമാണ് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 12.27 ന് കാണായത്.
കാണാതായ വ്യോമസേനയുടെ വിമാനത്തില്‍ മലയാളികള്‍ അടക്കം എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്. വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തോതില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എയര്‍ മാര്‍ഷല്‍ ആര്‍ഡി മാത്തൂര്‍ ആണ് പാരിതോഷികം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കാണാതായ വിമാനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 03783222164, 9436499477, 9402077267, 9402132477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനാണ് വ്യോമസേനയുടെ നിര്‍ദേശം. വിമാനം കണ്ടെത്താനായി വ്യോമസേനയും കരസേനയും സംയുക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും സംസ്ഥാന പോലീസും തെരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതേസമയം അരുണാചല്‍ പ്രദേശിലെ വനമേഖലകളില്‍ ശക്തമായ മഴ പെയ്തത് തെരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്.