ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപില്‍ എത്തി. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോഡിയുടെ ആദ്യ വിദേശ യാത്രയാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. മാലിദ്വീപില്‍ റൂപേ കാര്‍ഡ് അനുവദിക്കും. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മാലിദ്വീപിലെ പ്രതിരോധ മേഖലയ്ക്ക് ഇന്ത്യ കൂടുതല്‍ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാലിദ്വീപിന്റെ വികസനത്തിലും സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്ന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. മാലിദ്വീപിന്റെ രണ്ട് പ്രതിരോധ പദ്ധതികള്‍ മോഡിയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സോലിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
മാലെ വിമാനത്താവളത്തില്‍ എത്തിയ മോഡിയെ മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. 2018 നവംബറിലാണ് മോഡി നേരത്തെ മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശികള്‍ക്ക് നല്കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ മോഡി ഏറ്റുവാങ്ങും.
Discussion about this post