ഭോപ്പാല്‍: മധ്യപ്രദേശില്‍ കുടിവെള്ളത്തിന്റെ പേരില്‍ സംഘര്‍ഷം പതിവാകുന്നു. വേനല്‍ കടുത്തതോടെയാണ് ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായത്. വെള്ളം കിട്ടാതെ വന്നതോടെ ജലസ്രോതസ്സുകളുടെയും മറ്റും പേരില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും ജലസ്രോതസ്സുകള്‍ക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്താനും സംസ്ഥാന ആഭ്യന്തര മന്ത്രാലയം പോലീസിന് നിര്‍ദേശം നല്കി.
മധ്യപ്രദേശില്‍ കഠിനമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും പുഴകളും അടക്കമുള്ള എല്ലാ ജലസ്രോതസ്സുകളും വറ്റിവരളുകയും ജലക്ഷാമം അതിരൂക്ഷമായിത്തീരുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ അന്തരീക്ഷ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
ജലക്ഷാമം രൂക്ഷമായതോടെ നിരവധി ജില്ലകളില്‍ കുടിവെള്ളത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ റോഡ് കയ്യടക്കി ഗതാഗതം തടസ്സപ്പെടുത്തുകയും നഗരസഭാ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കുടിവെള്ളത്തിന്റെ പേരില്‍ പന്ന ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം 52 ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്കും അവരുടെ അധികാര പരിധിയിലുള്ള ജല സ്രോതസ്സുകളില്‍ ആവശ്യമായ പോലീസ് സംഘത്തെ വിന്യസിക്കാനും വെള്ളത്തിന്റെ പേരിലുള്ള സംഘര്‍ഷം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post