ന്യൂഡല്‍ഹി: പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നും ഇനി അഥവാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പ്പിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പമൊയ്ലി പറഞ്ഞു. ഇത്തരത്തിലുള്ള അനിശ്ചിതത്വം പാര്‍ട്ടിയിലുള്ളതിനാല്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം താന്‍ രാജി വെയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് രാഹുലിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാജി വിഷയത്തിലെ തന്റെ അവസാനത്തെ തീരുമാനം രാഹുല്‍ അറിയിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് വീരപ്പമൊയ്ലി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ അനിശ്ചിത്വം തുടരുന്നതിനിടെ ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് വീരപ്പമൊയ്ലി പറഞ്ഞു. ഈ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും. രാഹുല്‍ കാര്യങ്ങള്‍ കരയ്ക്കെത്തിക്കേണ്ടതുണ്ട്. ഇനി അഥവാ മാറിനില്‍ക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ, പക്ഷേ അനുയോജ്യനായ മറ്റൊരാളുടെ കൈയ്യില്‍ പാര്‍ട്ടിയെ ഏല്പിച്ച ശേഷമാണ് അദ്ദേഹം പോവേണ്ടതെന്നും വീരപ്പമൊയ്ലി പറഞ്ഞു.
രാഹുല്‍ പോകുകയാണെങ്കില്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ ഐക്യത്തെയും സ്ഥിരതയെയും മന്ദഗതിയിലാക്കി കൊണ്ട് പോവരുത്. അത്തരത്തില്‍ മന്ദഗതിയിലായാല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. ഐക്യം നഷ്ടപ്പെടുമെന്നും അത് സംഭവിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ തന്നെ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും ഇത് നിര്‍ണ്ണായക സമയമാണെന്നും വീരപ്പമൊയ്ലി പറഞ്ഞു.
Discussion about this post