അലിഗഡ്: രാജ്യത്തെമ്പാടും പ്രതിഷേധം ആളിക്കത്തിയ അലിഗഡിലെ രണ്ടര വയസുകാരിയുടെ ക്രൂര കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി വാദിക്കില്ലെന്ന് അലിഗഡിലെ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. അലിഗഡ് ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനൂപ് കൗശികാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ അസോസിയേഷന് കീഴിലെ ഒരു അഭിഭാഷകനും കേസ് ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, പുറത്ത് നിന്നുള്ള മറ്റൊരു അഭിഭാഷകനെയും പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച കുഞ്ഞിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, കേസിലെ മറ്റ് രണ്ട് പ്രതികളെ കൂടി ഇന്ന് പിടികൂടി. മുഖ്യപ്രതിയുടെ ഭാര്യയും സഹോദരനുമാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. ജൂണ്‍ രണ്ടിനാണ് അലിഗഡിലെ തപ്പല്‍ നഗരത്തില്‍ രണ്ടര വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ മൃതദേഹം ജീര്‍ണിച്ചതിനാല്‍ തോന്നിയതാകാമെന്നാണ് പോലീസ് ഭാഷ്യം. മെയ് 31 നാണ് കുട്ടിയെ കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും അനാസ്ഥയാണ് ഉണ്ടായതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം കണ്ടെടുത്തിട്ടും പോലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേസിലെ മുഖ്യപ്രതികളിലൊരാളായ സഹീദ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മുത്തച്ഛനില്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സഹീദ് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിന്നീട് മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.