കാണ്‍പുര്‍: അച്ഛനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പട്ട് എട്ടാംക്ലാസ്സുകാരന്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചത് 37 കത്തുകള്‍. ഉത്തര്‍പ്രദേശിലെ സാര്‍ഥക് ത്രിപാഠിയാണ് പ്രധാനമന്ത്രിക്ക് കത്തുകളയച്ചത്. നേരത്തെ അയച്ച 36 കത്തുകള്‍ക്കും തനിക്ക് മറുപടിയൊന്നും ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ വീണ്ടും കത്തയച്ചതെന്ന് സാര്‍ഥക് പറയുന്നു.
2016 മുതലാണ് സാര്‍ഥക് ത്രിപാഠി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതാന്‍ തുടങ്ങിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തന്റെ പിതാവിനെ ജോലിയില്‍ പ്രവേശിപ്പിക്കാനാവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഈ എട്ടാം ക്ലാസുകാരന്‍ കത്തുകളെഴുതുന്നത്. ഓരോ കത്തെഴുതുമ്പോഴും തനിക്ക് എന്തെങ്കിലും മറുപടി കിട്ടുമെന്ന് സാര്‍ഥിക് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ 36 കത്തുകളയച്ചിട്ടും ഒന്നിനു പോലും മറുപടിയൊന്നും ലഭിച്ചില്ല. പക്ഷേ പ്രതീക്ഷ കൈവിടാതെ സാര്‍ഥിക് ഇപ്പോള്‍ വീണ്ടുമൊരു കത്തുകൂടി അയച്ചു. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിഷമതകളെ കുറിച്ചാണ് സാര്‍ഥക് കത്തുകളില്‍ പരാമര്‍ശിക്കാറ്. യുപിഎസ്സി നിര്‍ബന്ധപൂര്‍വ്വം പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടെന്നാണ് ഈ പതിമൂന്നുകാരന്‍ പറയുന്നത്.
ഇത്തവണയെങ്കിലും തന്റെ അപേക്ഷ പ്രധാനമന്ത്രി കേള്‍ക്കുമെന്നാണ് സാര്‍ഥകിന്റെ പ്രതീക്ഷ.
‘മോഡിയുണ്ടെങ്കില്‍ എന്തും സാധ്യം’ എന്ന പ്രധാനമന്ത്രിയെ കുറിച്ചുള്ള പുതിയ മുദ്രാവാക്യം കേട്ടു. ഇതു തനിക്ക് 37 മത്തെ കത്തെഴുതാന്‍ കൂടുതല്‍ പ്രേരണ നല്‍കിയെന്ന് സാര്‍ഥക് പറയുന്നു.
ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണമാണ് തന്റെ പിതാവിന് ജോലി നഷ്ടമായതെന്നും അതിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഈ പതിമൂന്നുകാരന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തവണ തന്റെ കത്ത് വായിച്ച് പ്രധാനമന്ത്രി തനിക്ക് മറുപടിക്കത്ത് അയക്കുമെന്ന് പ്രതീക്ഷയിലാണ് ഈ എട്ടാംക്ലാസ്സുകാരന്‍.
Discussion about this post