ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകളില്‍ ഇനി മസാജ് സര്‍വ്വീസും ലഭ്യമാകും. രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സേവനം ലഭിക്കുക. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി.
ഇന്‍ഡോറില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളിലാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാവുക. ഡെറാഡൂണ്‍-ഇന്‍ഡോര്‍ എക്‌സ്പ്രസ് (14317), ന്യൂ ഡല്‍ഹി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12416), ഇന്‍ഡോര്‍ – അമൃത്സര്‍ എക്‌സ്പ്രസ് (19325) എന്നീ ട്രെയിനുകളിലുള്‍പ്പടെയാണ് ഈ സേവനം ലഭിക്കുക.
പശ്ചിമ റെയില്‍വെയുടെ വെത്ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ഇത് വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയര്‍ത്തുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകള്‍.
അടുത്ത 20 ദിവസത്തിനുള്ളില്‍ സര്‍വ്വീസ് ആരംഭിക്കും. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ കോച്ചുകളില്‍ ഈ സേവനം ലഭ്യമാകും. മൂന്ന് മുതല്‍ അഞ്ച് വരെ മസാജ് പ്രൊവൈഡര്‍മാര്‍ ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒപ്പം യാത്ര ചെയ്യും.
Discussion about this post