ഗുരുവായൂര്‍: തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് നന്ദി പറഞ്ഞ് തൃശ്ശൂരില്‍ സംഘടിപ്പിച്ച അഭിനന്ദന് സഭയില്‍ കേരളത്തെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചവരേയും തോല്‍പ്പിച്ചവരേയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് തന്റെ സര്‍ക്കാര്‍.
അക്കൗണ്ട് തുറക്കാന്‍ പറ്റാത്ത കേരളത്തില്‍ വന്ന് മോഡി എന്തിന് നന്ദി പറയണമെന്ന് ചില ആളുകള്‍ക്ക് തോന്നുന്നുണ്ടാവും. എന്നാല്‍ ഞങ്ങളുടെ ചിന്തയും സംസ്കാരവും അതാണ്. വാരണാസി പോലെ പ്രിയപ്പെട്ടതാണ് തനിക്ക് കേരളവുമെന്നും മോഡി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയോ പ്രതിപക്ഷത്തിനെതിരെയോ കാര്യമായ വിമര്‍ശനങ്ങള്‍ നടത്താതെയായിരുന്നു മോഡിയുടെ പ്രസംഗം. 130 കോടി ജനങ്ങളേയും ഉള്‍ക്കൊണ്ട് കൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. നിപ്പാ വൈറസ് ഭീഷണി നേരിടുന്ന കേരള ജനത ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്. നിപ്പാ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനോട് ചേര്‍ന്ന് നിന്ന് കൊണ്ട് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ജയം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരല്ല ബിജെപിക്കാര്‍. വര്‍ഷത്തില്‍ 365 ദിവസവും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അത് വിശ്വാസമായി കാണുന്നവരാണ്. വിജയമാണെങ്കിലും പരാജയമാണെങ്കിലും ഏറ്റവും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് അവരെന്നും മോഡി പറഞ്ഞു. ജീവിതാവസാനം വരെ സേവനം നടത്താന്‍ നിയോഗിക്കപ്പെട്ടവരാണ് നമ്മുടെ പ്രവര്‍ത്തകര്‍. ഒരു നവഭാരതത്തിന്റെ സൃഷ്ടിയിലാണ് നാം പങ്കാളിത്തം വഹിക്കുന്നതെന്നും മോഡി പറഞ്ഞു.
Discussion about this post