കൊച്ചി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, ഗുവാഹത്തി, മംഗലാപുരം വിമാനത്താവളങ്ങളാണ് പൊതു-സ്വകാര്യ പങ്കാളിത്തതിലേക്ക് പോകുന്നത്.
വിമാനത്തിന്റെ നടത്തിപ്പിലാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയം സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി, എക്സ്പെന്റിച്ചര്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കാനാണ് തീരുമാനം എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രൊഫഷണലിസത്തില്‍ കൂടുതല്‍ മുന്നേറാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് നേരത്തെ സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങള്‍ വളര്‍ച്ചയില്‍ കുതിപ്പുണ്ടാക്കിയതാണ് ഈ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വ്യോമഗതാഗതത്തില്‍ കൂടുതല്‍ തിരക്കേറിയ സാഹചര്യത്തില്‍ ഇതിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഈ തീരുമാനത്തിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.
അന്താരാഷ്ട്ര വിമാനത്താവള കൗണ്‍സിലിന്റെ റാങ്കിങില്‍ രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങള്‍ അവയുള്‍പ്പെടുന്ന വിഭാഗങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുളളതാണ് ഈ തീരുമാനത്തിന് പിന്നില്‍.
Discussion about this post