ബംഗളൂരു: ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അഞ്ച് കൊല്ലവും കര്‍ണാടക കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തന്നെ ഭരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനതാദള്‍ നേതാവും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി ജനതാദള്‍ പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി കുമാരസ്വാമി രംഗത്തെത്തിയത്.
അതിനിടെ നിഖില്‍ കുമാരസ്വാമിയും കുമാരസ്വാമിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഒരു പ്രശ്നവും നേരിടുന്നില്ല. സര്‍ക്കാര്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കും. അടുത്ത നാല് വര്‍ഷം കൂടി കുമാരസ്വാമി സര്‍ക്കാരിന് നേതൃത്വം നല്‍കുമെന്നായിരുന്നു നിഖില്‍ കുമാരസ്വാമിയുടെ പ്രതികരണം.