ന്യൂഡല്‍ഹി: ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ കാസര്‍കോട് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന് നാട്ടില്‍ തിരിച്ച് വന്ന് കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചാണ് ഫിറോസ് തനിക്ക് തിരിച്ചു വരണമെന്ന് പറഞ്ഞത്. ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
‘കഴിഞ്ഞ മാസം ഫിറോസ് വിളിച്ചപ്പോള്‍ ഉമ്മ ഹബീബയുമായി സംസാരിച്ചപ്പോഴാണ് തിരിച്ചുവരാനും കീഴടങ്ങാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പിന്തുണയുള്ള സഖ്യസേന ഐഎസിനെ തുരത്തിയതിന് പിന്നാലെയാണ് ഫോണ്‍ വന്നത്. കടുത്ത പട്ടിണിയില്‍ ഭക്ഷണമില്ലാതെ കഴിയുകയാണെന്നും ഫിറോസ് ഉമ്മയോട് പറഞ്ഞിരുന്നു’ എന്നാണ് ഒരു ബന്ധു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
മലേഷ്യക്കാരിയായ ഒരു യുവതിയുമായി തന്റെ വിവാഹം കഴിഞ്ഞെന്നും എന്നാല്‍ ഇവര്‍ പിന്നീട് തന്നെ വിട്ടു പോയെന്നും ഫിറോസ് പറഞ്ഞതായി ബന്ധു പറയുന്നു. നാട്ടില്‍ തിരിച്ചെത്തിയാല്‍ കേസ് ഉണ്ടാവുമോയെന്നും കീഴടങ്ങനാണ് ആഗ്രഹിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. പക്ഷെ എവിടെ വെച്ച് കീഴടങ്ങുമെന്ന് ഫിറോസ് പറഞ്ഞിരുന്നില്ല. ഈ കാര്യങ്ങള്‍ വിളിച്ച് അറിയിച്ചതിന് ശേഷം അവന്റെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു വ്യക്തമാക്കി.
അതേസമയം ഫിറോസ് തന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചത് അറിയാമെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Discussion about this post