ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനു ശേഷം പുക നിറഞ്ഞ് ഡല്‍ഹിയുടെ ആകാശം. പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടന്നതോടെയാണ് സ്ഥിതി അതീവ ഗുരുതരമായ രീതിയിലെത്തിച്ചത്.
അന്തരീക്ഷ വായുവിന്റെ ഏറ്റവും മോശമെന്നു കണക്കാക്കുന്ന എക്യുഐ 500ഉം പിന്നിട്ട് 574 വരെ വ്യാഴാഴ്ച രേഖപ്പെടുത്തി. അതേസമയം, ആനന്ദ് വിഹാര്‍ മേഖലയില്‍ ഇന്ന് മലിനീകരണ തോത് എക്യുഐ 999 എന്നാണ് രേഖപ്പെടുത്തിയത്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് കണക്കാക്കുന്ന മീറ്ററിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തിലും ഇതായിരുന്നു കണ്ടെത്തിയത്. എന്നാല്‍, എംബസികള്‍ സ്ഥിതിചെയ്യുന്ന ചാണക്യപുരി മേഖലയില്‍ 459 ആണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ തുടങ്ങിയത്.
ദീപാവലി ദിവസം രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാവൂയെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതു തള്ളിക്കളഞ്ഞ് ആളുകള്‍ വൈകുന്നേരത്തോടെ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയതാണ് മലിനീകരണ തോത് വര്‍ധിക്കാന്‍ ഇടയാക്കിയത്.
Discussion about this post